കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വൈകിയതിന് തനിക്ക് സുരക്ഷയൊരുക്കിയതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോള്‍ പൊലീസിന്റെ സുരക്ഷാ ചുമതലയുള്ള സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെ ഉള്‍പ്പെടുത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചങ്ങനാശേരി ഡി.വൈ.എസ്.പിയുടെ സംഘത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലാണ് ഷിബുവിന് ഡ്യൂട്ടി നല്‍കിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, കെവിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ സുരക്ഷയുമായി ഇതിന് ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ പൊലീസ് നടപടികളെ ബന്ധിപ്പിക്കേണ്ടതില്ലെന്നും തന്റെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.