തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ തനിനിറം തുറന്നു കാട്ടി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആഗോള കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും ഏകാധിപത്യ മനോഭാവവും തുറന്നു കാട്ടുന്നതായിരുന്നു ഖാദറിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ പോലൂം തൊഴിലന്വേഷിച്ച് ക്യൂബയിലേക്കോ വിയറ്റ്‌നാമിലേക്കോ പോവാതെ ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോവുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിദേശത്ത് പിരിവിന് പോവുന്ന ഒരു സി.പി.എം നേതാവും ചൈനയില്‍ പോവാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ലോക കമ്മ്യൂണിസത്തിന്റെ ചരിത്രം ഏകാധിപത്യത്തിന്റേതും കുടുംബ വാഴ്ചയുടേതുമാണെന്ന് ചരിത്രരേഖകളുന്നയിച്ച് ഖാദര്‍ വ്യക്തമാക്കി. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ മാറിയപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍ ഭരണാധികാരിയായി, ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ മുമ്പ് അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനമായിരുന്നു അവിടെ ഭരണാധികാരികള്‍.

ചൈനയും ഇപ്പോള്‍ ഭരണഘടന ഭേദഗതി ചെയ്ത് പൂര്‍ണ ഏകാധിപത്യ ഭരണത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയെ എതിര്‍ത്ത രണ്ടുപേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്നറിയില്ല. ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടനയാണെന്നും ഖാദര്‍ പരിഹസിച്ചു.