മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തൂണുകളായി കളംവാണ ശേഷം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവർക്ക് അർഹിച്ച യാത്രയയപ്പ് നൽകണമെന്ന് ബി.സി.സി.ഐയോട് അഭ്യർത്ഥനയുമായി മുൻ ഇംഗ്ലീഷ് സ്പിൻ ബൗളർ മോണ്ടി പനേസർ. മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
മൂന്ന് പ്രമുഖ താരങ്ങളുടെ കരിയർ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്ന് പനേസർ വിമർശിച്ചു. ഇംഗ്ലണ്ടിലെ മാതൃകയിൽ വിരമിക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകുന്ന പാരമ്പര്യം ഇന്ത്യയും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘകാലം രാജ്യത്തിനും ക്രിക്കറ്റിനുമായി സമർപ്പിച്ച കരിയറിനുള്ള ആദരവാണ് ഇത്തരം മത്സരങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“അശ്വിനും, രോഹിത് ശർമക്കും, വിരാട് കോഹ്‍ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവർ അത്തരമൊരു ആദരവ് അർഹിക്കുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ വിരമിക്കുമ്പോൾ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ച് ആദരിച്ചു. എന്നാൽ ഇന്ത്യ അതിൽ വീഴ്ച വരുത്തുകയാണ്,” പനേസർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ആർ. അശ്വിൻ വിരമിക്കൽ അറിയിച്ച് നാട്ടിലേക്ക് മടങ്ങി. മൂവരുടെയും അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു.
14 വർഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച കോഹ്‍ലി 123 മത്സരങ്ങളിൽ നിന്ന് 9230 റൺസാണ് നേടിയത്; 30 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും കരിയറിലുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രോഹിത് ശർമ 4031 റൺസ് നേടി; 12 സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഉൾപ്പെടെ.
106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ ആർ. അശ്വിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി വിരമിച്ചു. രോഹിതും കോഹ്‍ലിയും ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തിൽ തുടരുകയാണ്. അശ്വിൻ എല്ലാ ഫോർമാറ്റുകളിലും വിരമിച്ചു.