തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതു സര്‍ക്കാറിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്‌പെന്റു ചെയ്തത്. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ടുവെന്നാണ് ഡ്രൈവര്‍ക്കെതിരായ പരാതി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയില്‍ ശ്രീജേഷിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഭിഭാഷകന്‍ എന്ന വ്യാജേന ശ്രീജേഷ് മണ്ഡപം എന്ന പ്രൊഫൈല്‍ രൂപീകരിച്ചായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ശ്രീജേഷിട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം അനീഷ് പൊലീസിനു മുമ്പാകെ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടിയുണ്ടാകുന്നില്ലെന്നാരോപിച്ച് വകുപ്പും മന്ത്രിക്കും കെ.എസ്.ആര്‍.ടി.സിക്കും പരാതി നല്‍കുകയായിരുന്നു.