പി. സലീം

രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില്‍ മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു.

ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍ ആണ് കുറവ് എന്ന് പറഞ്ഞു പരത്തുന്ന അസൂയക്കാര്‍ക്ക് മറുപടി പറഞ്ഞു വെറുതെ നമ്മുടെ സമയം മെനക്കെടുത്താത്തതാണ് ബുദ്ധി). ബിടെക് ഡിഗ്രിക്ക് പുറമെ മാനേജ്‌മെന്റില്‍ ഡിപ്ലോമ കൂടി ഉണ്ടാവുക, അതും അണ്ണാമലൈ യൂണിവേഴ്‌സിറ്റി പോലെ അത്യുന്നതമായ ആ മലമുകളില്‍ നിന്നുള്ള ഡിപ്ലോമ.

ആ മല കയറാന്‍ ഒരു വിധപ്പെട്ടവര്‍ക്കൊന്നും സാധിക്കാത്തത് കൊണ്ട് വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്ന ഭക്തര്‍ക്ക് അവര്‍ ഡിഗ്രി അങ്ങ് വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. അല്ലെങ്കിലും വിനയത്തിന്റെ കാര്യത്തില്‍ തമിഴര്‍ക്ക് ഒപ്പം പോന്നവര്‍ മറ്റാരുണ്ട് ഈ ദുനിയാവില്‍. മലയാളികള്‍ക്ക് അണ്ണാച്ചിയോടും മലകളോടും പുച്ഛമാണ്. അവര്‍ മലയിടിച്ചു ക്രഷററിലിട്ട് പൊടിച്ചു റോഡും ബില്‍ഡിംഗും ഉണ്ടാക്കുന്ന ടീമാണ്. അത് കൊണ്ട് അണ്ണാമലക്കാരന്‍ കൊടുക്കുന്ന ഡിഗ്രി ഒന്നും അവര്‍ അംഗീകരിക്കില്ല. അസൂയക്കും അഹങ്കാരത്തിനും മരുന്നില്ല എന്നാണല്ലോ. മലയിറങ്ങി വന്ന സര്‍ട്ടിഫിക്കറ്റില്‍ അമ്പത് ശതമാനം പോലും മാര്‍ക്കില്ല എന്ന് കുശുമ്പ് പറഞ്ഞു പരത്തുന്നവരോട് സഹതാപം തോന്നുന്നു. നല്ലത് കുറച്ചു മതി എന്നാണ് തത്വം. അല്ലെങ്കിലും മാര്‍ക്കിന്റെ കാലം കഴിഞ്ഞ കാര്യമൊന്നും ഈ വായില്‍നോക്കികള്‍ അറിഞ്ഞിട്ടില്ല. എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ആണ് ഇപ്പോള്‍ ട്രെന്റ്. ആ ആക്റ്റിവിറ്റിയില്‍ മിടുക്ക് തെളിയിച്ചത് കൊണ്ടാണല്ലോ പാല്‍ കട്ടുകുടിച്ചപ്പോള്‍ പൂച്ച കണ്ണടച്ച് തന്നെ കുടിച്ചത്.

ഊര്‍ജിത് പട്ടേല്‍ അവര്‍കള്‍ക്ക് ഊര്‍ജ്ജം പോരാഞ്ഞിട്ട് വലിയനെഞ്ച് (വലിയ നെഞ്ച് ആണോ അതോ വലിയ നഞ്ച് ആണോ എന്ന കാര്യത്തില്‍ ഉള്ള തര്‍ക്കത്തില്‍ ഒന്നും നമ്മള്‍ ഇടപെടാന്‍ പോണ്ട) തിരുവടികള്‍ കലിപ്പില്‍ ആണെന്ന് ഒരു ശ്രുതി ഉണ്ട്. വലിയനെഞ്ചു തിരുവടികള്‍ക്ക് ഈ കഷണം മുറിഞ്ഞ ഡിഗ്രിയില്‍ ഒന്നും ഒട്ടും വിശ്വാസമില്ല. അതുകൊണ്ടാണ് മൂപ്പര്‍ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി നേടിയെടുത്ത ആലംദുനിയാവിലെ ഏക ഗ്രാജ്വേറ്റ് ആയത്. മൂപ്പരുടെ പിന്തുടരന്മാര്‍ക്ക് പക്ഷേ ബിടെക് ആണ് താല്‍പ്പര്യം. ബിടെക് ഇന്‍ ഫോട്ടോഷോപ്പ് ആന്റ് ലൈ മാനേജ്‌മെന്റ്. അതാണ് സ്‌പെഷ്യലൈസേഷന്‍. ലൈ മാനേജ്‌മെന്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത്, ആ കാര്യത്തില്‍ ഡോക്ടര്‍ കൊച്ചാപ്പ ആളൊരു മൂത്താപ്പായാണ്.

അതെന്തോ ആവട്ടെ, ഊര്‍ജിത് പട്ടേല്‍ജിയെ പിരിച്ചു വിട്ടാല്‍ ഇനി ആരെ പകരം കൊണ്ട് വരും എന്ന കര്‍ഫ്യൂഷന്‍ വലിയനഞ്ച് തിരുമേനിക്ക് ഇനി ഉണ്ടാവില്ല. ആര്‍ ബി ഐ ഗവര്‍ണര്‍ ആയി കൊച്ചാപ്പയുടെ സ്വന്തം അനന്തിരവന്‍ വരും. സൗത്ത് ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ മാത്രമല്ല, ലുധിയാന, പൂനെ പോലുള്ള എത്രയെത്ര ബാലികേറാ മലകളാണ് ഈ ബിടെക് വിത് അണ്ണാമലൈ ഡിഗ്രിക്കാരന്‍ പുഷ്പം പോലെ കൈകാര്യം ചെയ്തത്. ബ്ലെസ്സിങ് ഇന്‍ ഡിസ്‌ഗൈസ് എന്നൊരു പ്രയോഗമുണ്ട്. ഇംഗ്ലീഷില്‍ ആയത് കൊണ്ട് ഇനി രാജ്യദ്രോഹം ആകുമോ എന്ന് അറിയില്ല. എന്തായാലും ഒന്ന് ചീഞ്ഞു മറ്റൊന്നിന് വളമായി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ അനാഥമായാലെന്താ, റിസര്‍വ് ബാങ്ക് രക്ഷപ്പെടുമല്ലോ. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചര്‍ കാലിബര്‍ എന്ന വാക്ക് ആയിരം വട്ടം ഇമ്പോസിഷന്‍ എഴുതിച്ചത് കൊണ്ടൊന്നുമല്ല ഈ പരമയോഗ്യന്‍ വളരെ കാലിബര്‍ ഉള്ള ചെറുപ്പക്കാരന്‍ ആണെന്ന് ചെയര്‍മാന്‍ കൂടെക്കൂടെ പറയുന്നത്. യോഗ്യാനന്തര യോഗ്യത ഉള്ളത് കൊണ്ട് തന്നെയാണ്.

ഇനിയിപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മേ(നേജ)യറായി ആരെ കിട്ടും എന്നായിരിക്കും. പ്രാഗത്ഭ്യം ച്ചിരി കുറയും എന്നേയുള്ളൂ, രഘുറാം രാജന്‍ വരും. അയാള്‍ ഇതിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. അതൊക്കെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് വിവരാവകാശ സ്‌കാനിംഗ് മെഷീനില്‍ പതിയില്ല എന്നേയുള്ളൂ.

ചആ: രഘുറാംജി അറിയാന്‍. ഇവിടെ ചാര്‍ജ് എടുത്താല്‍ ഓഫീസിലെ അത്യാവശ്യം വയറിംഗ് പണി ഒക്കെ നിങ്ങള്‍ തന്നെ ചെയ്യേണ്ടി വരും. പരസ്യം ചെയ്യാന്‍ പൈസ ഇല്ലാത്തത് കൊണ്ട് പത്രക്കുറിപ്പ് ഇറക്കുന്നതാണ് ഇവിടുത്തെ രീതി. അത് കൊണ്ട് കൂടി ആണ് ബിടെക്കാരനായ നിങ്ങളെ ഈ പണി ഏല്‍പ്പിക്കുന്നത്.
ലാല്‍സലാം