കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ വിഷ്ണു മോഹൻ ആണ്.
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കൃഷ്ണമൂർത്തിയും പ്രവർത്തിക്കും. “മേപ്പടിയാൻ” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടി ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ. വിദേശത്തെയും ബോളിവുഡിലെയും താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ വലിയ സംഘമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി L367 ഒരുങ്ങുമെന്നാണ് സൂചന. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് പദ്ധതി. താരനിരയെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
അതേസമയം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയറാം–കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന “ആശകൾ ആയിരം”, ജയസൂര്യ നായകനായ “കത്തനാർ”, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ്. ജെ. സൂര്യ ഒരുക്കുന്ന “കില്ലർ” തുടങ്ങിയ വമ്പൻ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാറും, പി.ആർ.ഒമാരായി ശബരി, വാഴൂർ ജോസ് എന്നിവരുമാണ്.