സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വുമണ്‍ ഇന്‍ കളക്റ്റീവി’നെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

സംഘടനയില്‍ ഇരുപതോളം പേര്‍ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാ നടിമാരും സംഘടനക്ക് പുറത്താണ്. വുമണ്‍ ഇന്‍ കളക്ടീവില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഭൂരിഭാഗം പേരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ചാനലിലൂടെയുള്ള ഫഌഷുകള്‍ മാത്രമാണ് കാണാറുള്ളത്. ഡബ്ല്യുസിസി അതുപറഞ്ഞു, ഇതി പറഞ്ഞു- എന്നൊക്കെ. അങ്ങനെ മാത്രമേ തനിക്കും അറിയുകയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംഘടനക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. കൂട്ടായ്മയെക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും സംഘടനയിലെ അംഗങ്ങള്‍ തന്നെ ഒന്നും അറിയിച്ചില്ലെന്നും നടിമാരുടെ പെരുമാറ്റം അത്ഭുതപ്പെടുത്തിയെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ വിമര്‍ശനവും പ്രത്യക്ഷപ്പെടുന്നത്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ ‘അമ്മ’ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ലെന്നുള്ള വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വുമണ്‍ ഇന്‍ കളക്ടറ്റീവ് രൂപപ്പെടുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് കൂട്ടായ്മക്ക് മുന്‍കൈ എടുത്തത്.