ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്. ഭൂഷണ് സുപ്രിംകോടതി വിധിച്ച ഒരു രൂപ ശിക്ഷ ഒരു ദേശീയ പ്രസ്ഥാനമായി മാറട്ടെ എന്ന് യാദവ് കുറിച്ചു. ട്വിറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സത്യമേവ ജയതേ എന്ന ഹാഷ് ടാഗോടെയാണ് യോഗേന്ദ്രയാദവ് തന്റെ പ്രതികരണം ട്വീറ്റ് ചെയ്തത്.

സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ന രാവിലെയാണ് പ്രശാന്ത് ഭൂഷണ് കോടതി ശിക്ഷ വിധിച്ചത്. ഒരു രൂപ പിഴയൊടുക്കണം എന്നാണ് ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

മൂന്നു മാസം തടവിനു പിറമേ, മൂന്നു വര്‍ഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത് ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്തംബര്‍ 15ന് അകമാണ് പിഴയൊടുക്കേണ്ടത്.

ഓഗസ്റ്റ് 25നാണ് കേസില്‍ വാദം കേട്ട ശേഷം ബി.ആര്‍ ഗവായ്, കൃഷ്ണ മുറാരി എന്നിവര്‍ കൂടി അംഗങ്ങളായ ബഞ്ച് വിധി പറയാനായി മാറ്റിയിരുന്നത്. നേരത്തെ, പരാമര്‍ശങ്ങളില്‍ കോടതി ഭൂഷണോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹം അതിനു തയ്യാറായിരുന്നില്ല. ഉത്തമബോധ്യത്തോടെ പറഞ്ഞ വാക്കുകളാണ് അത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ലോക്ക്‌ലൗണ്‍ കാലത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാസ്‌കും ഹെല്‍മറ്റുമില്ലാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരുന്നതിനെ കുറിച്ചും ആറു വര്‍ഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെ കുറിച്ചുമായിരുന്നു ഭൂഷണിന്റെ ട്വീറ്റ്.