റിയാദ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ച രാജ്യാതിര്‍ത്തികള്‍ സെപ്തംബര്‍ 15 മുതല്‍ ഭാഗികമായി തുറക്കാന്‍ തീരുമാനം. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ 2021 ജനുവരി ഒന്നു മുതല്‍ സമ്പൂര്‍ണമായും നീക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശദാംശങ്ങള്‍ ഇങ്ങനെ;

* സെപ്തംബര്‍ 15 മുതല്‍ കര, നാവിക, വ്യോമാതിര്‍ത്തികള്‍ ഭാഗികമായി തുറക്കും. പ്രത്യേക സാഹചര്യത്തിലുള്ള നിയന്ത്രിത യാത്രക്കാരെ മാത്രമേ രാജ്യത്തേക്ക് അനുവദിക്കൂ

* സൗദിയില്‍ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ, തൊഴില്‍ വിസ എന്നിവയുള്ളവര്‍ക്ക് സെപ്തംബര്‍ 15 മുതല്‍ എത്താവുന്നതാണ്. എന്നാല്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കില്ല.

* നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സൗദിയിലുള്ളവര്‍ക്ക് പോകാനും വരാനും സാധിക്കുന്ന സംവിധാനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.

* സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍, സൈനികര്‍, ഔദ്യോഗിക ജോലിയിലുള്ളവര്‍, നയതന്ത്രകാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സൗദിക്ക് പുറത്തെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, വ്യാപാര ആവശ്യത്തിന് പുറത്തുപോകുന്നവര്‍, വിദേശത്ത് ചികിത്സ ആവശ്യമുള്ള രോഗികള്‍, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, സൗദിക്ക് പുറത്ത് അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവര്‍, സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍, സൗദിയില്‍ താമസ രേഖയുള്ള വിദേശികള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് മാത്രമാണ് ഭാഗികമായി അതിര്‍ത്തികള്‍ തുറക്കുന്ന വേളയില്‍ സൗദിയിലേക്ക് വരാനും പോകാനും അനുമതിയുണ്ടാവുകയുളളൂ.

* സൗദിയിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. എന്നാല്‍ കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള മടക്കം സംബന്ധിച്ച് പിന്നീട് അറിയിക്കും. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള മടങ്ങിവരവില്‍ ഇതോടെ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

വിശദാംശങ്ങള്‍ക്ക് കടപ്പാട്- മലയാളം ന്യൂസ്