കീവ്: ഉക്രൈന്‍ നഗരത്തിന്റെ ഈ ആസ്ഥാനമാണ് ഇനി കുറച്ച് നാള്‍ യൂറോപ്യന്‍ ഫുട്‌ബോളിന്റെ ആസ്ഥാനം. 27ന് ഇവിടെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരും സ്പാനിഷ് ശക്തരുമായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് ഇതിഹാസങ്ങളായ ലിവര്‍പൂളും തമ്മിലാണ് കലാശം. 70,050 പേര്‍ക്ക്് ഇരിപ്പിടമുള്ള ഒളിംപിയ സ്‌കൈ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഭൂരിപക്ഷം ടിക്കറ്റുകളും ഇതിനകം റയല്‍ ഫാന്‍സ് ബുക്ക് ചെയ്തു കഴിഞ്ഞു. ലിവര്‍പൂള്‍ ഫാന്‍സിന് 16,626 ടിക്കറ്റുകള്‍ മാത്രമാണുള്ളത്. റയല്‍ ഒരു ദിവസം മുമ്പ് തന്നെ ഫൈനല്‍ ഉറപ്പാക്കിയതിനാല്‍ അവരുടെ ആരാധകര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. കീവില്‍ ഹോട്ടല്‍ ബുക്കിംഗിനും തീപ്പിടിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളമായിരിക്കുന്നു ഇപ്പോള്‍ വലിയ ഹോട്ടലുകളുടെ ഫൈനല്‍ ഡേ വാടക.

അതേസമയം ബയേണ്‍ മ്യൂണിച്ചിനെ 4-3ന് പരാജയപ്പെടുത്തി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടിയതിന്റെ ആഘോഷത്തിലാണ് ഇപ്പോഴും റയല്‍ മാഡ്രിഡ്. ഈ വാരത്തില്‍ സ്പാനിഷ് ലാലീഗയില്‍ ടീമിനൊരു കിടിലന്‍ പോരാട്ടമുണ്ട്-ബാര്‍സിലോണയുമായി. പക്ഷേ ലാലീഗ കിരീടം ബാര്‍സ സ്വന്തമാക്കിയ സാഹചര്യത്തില്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വീര്യം കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം 27ന് ഉക്രൈന്‍ ആസ്ഥാനമായ കീവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് റയലിന്റെ നോട്ടം. അങ്ങോട്ടുള്ള ഒരുക്കമാണ് സൈനുദ്ദീന്‍ സിദാന്റെ സംഘം തുടങ്ങിയിരിക്കുന്നത്. ഭാഗ്യമാണ് റയലിനെ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് നായകന്‍ സെര്‍ജിയോ റാമോസ് പറയുന്നത്. ജനങ്ങളുടെ നാവടക്കാന്‍ കഴിയില്ല. അവര്‍ എന്തും പറയട്ടെ. പക്ഷേ ഞങ്ങളുടെ ഡി.എന്‍.എ ഞങ്ങള്‍ക്കറിയാം-ജയിക്കന്‍ തന്നെയാണ് അവസാന സെക്കന്‍ഡ് വരെ കളിച്ചത്. തുടര്‍ച്ചയായി മൂന്ന് ഫൈനലുകള്‍ കളിക്കുകയെന്നത് ചെറിയ കാര്യമല്ല. കിരീടം തന്നെയാണ് ലക്ഷ്യമെന്നും നായകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫൈനല്‍ മല്‍സരത്തിന് ശേഷം സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ദീര്‍ഘസമയം ആരാധകര്‍ക്കൊപ്പം ചെലവഴിച്ചാണ് റയല്‍ താരങ്ങള്‍ മൈതാനം വിട്ടത്. കൃസ്റ്റിയാനോയുടെ മകന്‍ പിതാവിനെ പോലെ പന്തിലെ തന്റെ മികവ് ആവര്‍ത്തിച്ച് തെളിയിച്ചപ്പോള്‍ മാര്‍സിലോ മക്കള്‍ക്കൊപ്പം ഓടി നടന്നു. അവസാന പോരാട്ടത്തില്‍ രണ്ട് സൂപ്പര്‍ ഗോളുകള്‍ നേടിയ കരീം ബെന്‍സേമയാവട്ടെ കൃസ്റ്റിയാനോ, ജെറാത്ത് ബെയില്‍, ലുക്കാ മോദ്രിച്ച് എന്നിവര്‍ക്കൊപ്പമായിരുന്നു. നായകന്‍ സെര്‍ജിയാ റാമോസാവട്ടെ കാണികള്‍ക്കൊപ്പം പാട്ടിലും നൃത്തത്തിലുമായിരുന്നു.