india

മദ്രസ വിദ്യാര്‍ഥികള്‍ ഖുര്‍ആനൊപ്പം ഭഗവത് ഗീതയും വായിക്കണം: ഐപിഎസ് ഉദ്യോഗസ്ഥന്‍

By Lubna Sherin K P

January 27, 2026

ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്രസ വിദ്യാര്‍ഥികളോട് ഖുര്‍ആനോടൊപ്പം ഭഗവത് ഗീതയും പഠിക്കാന്‍ ആഹ്വാനം ചെയ്ത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി രാജാ ബാബു സിങ്. സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലുള്ള ഒരു മദ്രസയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വിദ്യാര്‍ഥികള്‍ ശാസ്ത്രബോധവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത് ഗീത നൂറ്റാണ്ടുകളായി മാനവരാശിക്ക് വെളിച്ചം പകരുന്ന ഗ്രന്ഥമാണെന്നും ഖുര്‍ആനൊപ്പം അത് പഠിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ പോലീസ് ട്രെയിനിങ് സ്‌കൂളുകളില്‍ ഭഗവത് ഗീതയും രാമചരിതമാനസും നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് 1994 ബാച്ച് ഐപിഎസ് ഓഫീസറായ രാജാ ബാബു സിങ്.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസും വിവിധ മുസ്ലിം സംഘടനകളും നേരത്തെ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.