News

മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മദുറോ; സി.ഐ.എ ആക്രമണ ചോദ്യത്തിൽ മൗനം

By sreenitha

January 02, 2026

കാറക്കാസ്: മയക്കുമരുന്ന് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ. എന്നാൽ, മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ചെന്ന ആരോപണത്തിന്റെ പേരിൽ വെനിസ്വേലൻ തുറമുഖ മേഖലയിൽ കഴിഞ്ഞ ആഴ്ച സി.ഐ.എയുടെ നേതൃത്വത്തിൽ നടന്നതായി പറയുന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മദുറോ നിലപാട് വ്യക്തമാക്കിയത്.

അട്ടിമറിയിലൂടെ രാജ്യത്ത് ഭരണപരിവർത്തനം കൊണ്ടുവരാനും വെനിസ്വേലയിലെ വിപുലമായ എണ്ണശേഖരങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനുമാണ് മയക്കുമരുന്ന് കടത്തിന്റെ പേരുപറഞ്ഞ് മാസങ്ങളായി അമേരിക്ക സമ്മർദ പ്രചാരണം നടത്തുന്നതെന്ന് മദുറോ ആരോപിച്ചു. ഇതിനായി ഭീഷണിയും ബലപ്രയോഗവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പകരം വസ്തുതകളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്ത് തടയാൻ ഉഭയകക്ഷി ചർച്ചയാണ് നടക്കേണ്ടതെന്ന് മദുറോ വ്യക്തമാക്കി. അത്തരം ചർച്ചകൾക്ക് തങ്ങൾ പലതവണ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയ്ക്ക് ഇന്ധനം ആവശ്യമെങ്കിൽ വെനിസ്വേലൻ എണ്ണയിൽ അമേരിക്കൻ നിക്ഷേപത്തിന് രാജ്യം തയ്യാറാണെന്നും മദുറോ പറഞ്ഞു.

വെനിസ്വേലൻ മണ്ണിൽ നടന്നതായി ആരോപിക്കുന്ന സി.ഐ.എ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് “അടുത്ത ദിവസങ്ങളിൽ പ്രതികരിക്കാം” എന്നായിരുന്നു മദുറോയുടെ മറുപടി.

അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള അനിവാര്യ നടപടിയായിരുന്നു ആക്രമണമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യായീകരിച്ചു. മയക്കുമരുന്ന് സംഘങ്ങളുമായി അമേരിക്ക സായുധ സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.