മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിച്ച് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്.

ഏലംകുളം പഞ്ചായത്തിലെ നാലാംവാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി സമദ് എന്നിവരാണ് ഇത്തരത്തില്‍ വോട്ടഭ്യര്‍ഥന നടത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ലംഘിച്ചെന്നു കാണിച്ച് മുസ്‌ലിംയൂത്ത്‌ലീഗ് പരാതി നല്‍കി. അയോഗ്യത അടക്കമുള്ള നടപടികള്‍ എടുക്കണമെന്നും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും തന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച് സാനിറ്റൈസര്‍ വിതരണം നടത്തിയതാണെന്നും സ്ഥാനാര്‍ത്ഥിയായ സുധീര്‍ ബാബു പറയുന്നുണ്ട്.