കൊച്ചി: ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ അപ്പപ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അത് ആരായാലും മറിച്ചു ചിന്തിക്കാറില്ല എന്നതാണ് മമ്മൂട്ടിയുടെ രീതിയും. മമ്മൂട്ടിയുടെ ഈ പ്രകൃതത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കിയ സാഹചര്യമുണ്ടായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാലിനാണ് മമ്മൂട്ടിയുടെ പെട്ടെന്നു ദേഷ്യത്തില്‍ പണി കിട്ടിയത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്‌ലറിന്റെ സെറ്റിലാണ് സംഭവം. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ലാല്‍ നിര്‍മിച്ച ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഷൂട്ടിങ് സെറ്റില്‍ വെച്ച് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ലാലിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ഒരു കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അതിനു മറുപടി ലാല്‍ പറഞ്ഞു, മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിക്കണം. ഇക്കാര്യം കേട്ട് സന്തോഷിച്ച മമ്മൂട്ടിയോട് ലാല്‍ പറഞ്ഞു: ‘ രണ്ട് നൂറ്റാണ്ടോളം ഇന്ത്യക്കാരെ ഭരിച്ച് മടുപ്പിച്ചവരാണ് ബ്രിട്ടീഷുകാര്‍. അവരോട് ഇങ്ങനെയൊക്കെയെ പ്രതികാരം ചെയ്യാന്‍ കഴിയൂ. മമ്മൂട്ടി തീര്‍ച്ചയായും ഈ ചിത്രത്തില്‍ അഭിനയിക്കണം’. ലാലിന്റെ തമാശകേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. എന്നാല്‍ മമ്മൂട്ടിക്കു മാത്രം ആ തമാശ അത്ര രസിച്ചില്ല. ലാലിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി അപ്പോള്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. അതോടെ അന്നത്തെ ഷൂട്ടിങ് മുടങ്ങുകയും ചെയ്തു. പിന്നീട് ലാല്‍ തന്നെ മാപ്പു പറഞ്ഞ് ചിത്രീകരണം അടുത്ത ദിവസങ്ങളില്‍ പുനരാരംഭിക്കുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചെങ്കിലും ഷൂട്ടിങ് ഓര്‍മകളില്‍ അത്ര നല്ല സംഭവമല്ല ഇതെന്നാണ് ലാല്‍ പറയുന്നത്.