സുല്‍ത്താന്‍ ബത്തേരി: മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടി ആരാധകരുടെ ആവശമാണെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലാണ് താരം മമ്മൂട്ടിയുടെ ആരാധകരുടെ വീഡിയോ പോസ്റ്റു ചെയ്തത്. വയനാട്ടിലെ
പുല്‍പ്പള്ളിയില്‍ ഷൂട്ടിങിനിടെ മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രിയതാരത്തെ ഒരു നോക്കു കാണാന്‍ റോഡിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമെല്ലാം തടിച്ചു കൂടിയ ആള്‍ക്കൂട്ടമാണ് വീഡിയോയിലുള്ളത്. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സംഭവം.
പുതിയ ചിത്രം അങ്കിളിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്റു ചെയ്ത വീഡിയോയിലാണ് മമ്മൂട്ടിയുടെ ആരാധകരെയും ഉള്‍പ്പെടുത്തിയത്. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രാമധ്യേ ഒരു ആരാധകന്‍ മമ്മൂട്ടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ സംഭവം അടുത്തിടെ വൈറലായിരുന്നു. കാര്‍ നിര്‍ത്തിയ മമ്മൂട്ടി ഇയാളോട് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു.
നവാഗതനായ ഗിരീഷ് ദാമോദറാണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. ജോയ് മാത്യു തിരകഥ രചിച്ച ചിത്രത്തില്‍ കാര്‍ത്തിക മുരളി, ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.