ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്ററുകളെ ലോക്‌സഭയില്‍ അപമാനിച്ച് കേന്ദ്രമന്ത്രി മനേകാഗാന്ധി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിച്ച് മനേകാഗാന്ധി സംസാരിച്ചത്. ട്രാന്‍സ്‌ജെന്ററുകളെ അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ച മനേക അപഹസിക്കുന്ന തരത്തില്‍ അടക്കിപ്പിടിച്ച ചിരിയോടെയാണ് സംസാരിച്ചത്. മനേകാ ഗാന്ധിയുടെ പ്രസംഗം കേട്ട് ബി.ജെ.പി എം.പിമാര്‍ ഡെസ്‌ക്കില്‍ കയ്യടിച്ച് ചിരിച്ചു. വനിത ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായത് ന്യായീകരിക്കാവുന്നതല്ലെന്നും മാപ്പു പറയണമെന്നും നിരവധി പേര്‍ രംഗത്തുവന്നു. തങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നും മനുഷ്യര്‍ തന്നെയാണെന്നും വിലകുറഞ്ഞ ആക്ഷേപം നടത്തിയ മന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്ററുകളും ട്വിറ്ററിലൂടെ രംഗത്തുവന്നു.