ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിന് സമീപമുള്ള ബെക്കർസാദൽ ടൗൺഷിപ്പിലാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം, അജ്ഞാതനായ യുവാവ് തെരുവിലുണ്ടായിരുന്ന ആളുകൾക്ക് നേരെ നിരന്തരം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അനധികൃതമായി മദ്യം വിൽക്കുന്ന ഒരു കടക്ക് സമീപത്താണ് ആദ്യം ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ സ്വർണഖനികൾക്ക് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, നേരത്തെ സമാനമായ ഒരു കൂട്ടവെടിവെപ്പ് ഓസ്ട്രേലിയയിലും നടന്നിരുന്നു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷമായ ഹനൂക്കയുമായി ബന്ധപ്പെട്ട ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് രണ്ട് തോക്കുധാരികൾ വെടിയുതിർക്കിയത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ കീഴടക്കുകയും ചെയ്തു.
സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയായിരുന്നു അക്രമികൾ ആക്രമണം നടത്തിയത്. ആക്രമണത്തിനിടയിൽ ധൈര്യപൂർവം ഇടപെട്ട ഒരു വ്യക്തി അക്രമിയിലൊരാളുടെ തോക്ക് തട്ടിപ്പറിച്ച് അവനെ കീഴടക്കിയതോടെയാണ് കൂടുതൽ രക്തച്ചൊരിച്ചൽ ഒഴിവായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.