കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വീണ്ടും തിരിച്ചടി. എല്ലാ വിദേശ താരങ്ങളും ഇതിനകം ക്ലബ് വിട്ടതിന് പിന്നാലെ, മലയാളി യുവതാരങ്ങളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും ക്ലബ് വിട്ടു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ് അയ്മനും അസ്ഹറും. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് താരങ്ങളെ റിലീസ് ചെയ്യാന്‍ ക്ലബ് തീരുമാനിച്ചത്. കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമാണ് ഇരുവരും ക്ലബ് വിടുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
താരങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അവരുടെ ഭാവി കരിയറിന് എല്ലാ ആശംസകളും നേരുന്നതായും ക്ലബ് അറിയിച്ചു. ഇതിന് മുമ്പ് അഡ്രിയാന്‍ ലൂണ, നോഹ സദൗയി, ടിയാഗോ ആല്‍വസ്, യുവാന്‍ റോഡ്രിഗസ് എന്നിവരടക്കമുള്ള വിദേശ താരങ്ങള്‍ ക്ലബ് വിട്ടിരുന്നു. ഇതിന് പിന്നാലെ സ്വദേശ താരങ്ങളുടെയും പടിയിറക്കം ആരാധകരില്‍ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ താരക്കൊഴിഞ്ഞുപോക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം ദുര്‍ബലമാകുമോയെന്ന ചോദ്യവും ഇപ്പോള്‍ ശക്തമാണ്.