• നിയമം ലംഘിക്കുന്നവര്‍ക്ക് 50000 മുതല്‍ 2ലക്ഷം വരെ പിഴ

ദോഹ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. ഇതുസംബന്ധിച്ച 2016ലെ നിയമം നമ്പര്‍ 16നാണ് അമീര്‍ അംഗീകാരം നല്‍കിയത്. മാനസിക ആരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ക്ക് വിപുലമായ ചികിത്സാ സംവിധാനങ്ങള്‍ നിയമം ഉറപ്പ് വരുത്തുന്നുണ്ട്. മാനസിക ആരോഗ്യ ചികിത്സയ്ക്കായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ആസ്പത്രികളിലും വിവിധ ആസ്പത്രികളിലെ മാനസികാരോഗ്യ വിഭാഗത്തിലും അംഗീകാരമുള്ള സ്വകാര്യ മാനസിക കേന്ദ്രങ്ങളിലും മറ്റ് സാമൂഹ്യ പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തിയിരിക്കുന്നത്. മാനസിക പ്രശ്‌നം നേരിടുന്ന വ്യക്തികള്‍ക്ക് പുതിയ നിയമത്തില്‍ നിരവധി അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യത്തിന് പ്രത്യേകമായി ചികിത്സ നല്‍കുന്ന ഹോസ്്പിറ്റലുകള്‍, ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും മാനസിക രോഗ വിഭാഗം, കമ്മ്യൂണിറ്റി കെയര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയുമായാണ് പ്രധാനമായും മാനസികാരോഗ്യ നിയമം ബന്ധിപ്പിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. രോഗി അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ അയാളുടെ അവകാശങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ആസ്പത്രി അധികൃതര്‍ രോഗിക്കോ കൂടെയുള്ള ബന്ധുക്കള്‍ക്കോ കൈമാറണം. പരിശോധനകളെ കുറിച്ചും രോഗാവസ്ഥ, ലഭിക്കാവുന്ന ചികിത്സഎന്നിവയെക്കുറിച്ചും രോഗി അറിയിക്കണം. രോഗാവസ്ഥയെക്കുറിച്ചും മറ്റ് നടപടി ക്രമങ്ങളെയും ടെസ്റ്റുകളെയും കുറിച്ചുള്ള പൂര്‍ണ്ണ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുവാനുള്ള നിമയ പരമായ അവകാശം രോഗിക്ക്് ഉണ്ടായിരിക്കും. രോഗാവസ്ഥ കണക്കിലെടുത്ത് കൊണ്ടുള്ള ചികിത്സിയ്ക്കും വ്യക്തിപരമായ അവകാശങ്ങളെ ബഹുമാനിക്കുന്നതുമായ ആരോഗ്യ പരിചരണം ലഭിക്കാന്‍ രോഗിക്ക് അവകാശമുണ്ടാവും.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും അവരെ ഏകാന്ത തടവറയില്‍ പാര്‍പ്പിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ഡോകര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. രോഗിയുടെ കൈവശമുള്ള വസ്തുക്കള്‍ ആരോഗ്യ കേന്ദ്രത്തിലെ ഒരു ബോക്‌സില്‍ സൂക്ഷിക്കേണ്ടതാണ്. രാജ്യത്ത് നിലവിലുള്ള ആരോഗ്യമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സയായിരിക്കണം രോഗിക്ക് നല്‍കേണ്ടതെന്നും രോഗിയുടെയോ കുടുംബത്തിന്റെയോ സമ്മത പത്രമില്ലാതെ യാതൊരു ശാസിത്രീയ പരീക്ഷണത്തിനും രോഗിയെ വിധേയമാക്കരുതെന്നും നിയമത്തില്‍ നിര്‍ദേശമുണ്ട്. സന്ദര്‍ശകര്‍ വേണമോ വേണ്ടയോ എന്നത് രോഗിക്ക് തീരുമാനിക്കാം. രോഗിക്ക് ശാരീരിക, ലൈംഗിക, മാനസിക പീഡനങ്ങളില്‍ നിന്നും ദുരുപയോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണം. രോഗിക്ക് യാതൊരു വിധത്തിലുള്ള ശിക്ഷാ നടപടികള്‍ക്കോ ശാരീരികമോ ധാര്‍മികമോ ആയ ഭീഷണിയോ ഉണ്ടാവരുത്. ചികിത്സ പ്രയാസകരമാകുന്നതായി രോഗിക്കോ രക്ഷിതാവിനോ തോന്നുകയാണെങ്കില്‍ കുടുതല്‍ പരിശോധനകള്‍ക്ക് ആവശ്യപ്പെടാവുന്നതും അല്ലെങ്കില്‍ ഡിസ്ചാര്‍ജിന് അപേക്ഷ നല്‍കാവുന്നതുമാണ്. രോഗി സ്വന്തമോ മുറ്റുള്ളവര്‍ക്കോ ഉപദ്രവം വരുത്തുമെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഡിസ്ചാര്‍ജ് തടയാം. സ്വന്തമായും മറ്റുള്ളവര്‍ക്കും ഭീഷണിയാവുന്ന മാനസിക പ്രശ്‌നമുള്ളവരെ ഡോക്ടര്‍റുടെ അനുമതിയോടെ ചികിത്സസയ്ക്ക് വിധേയമാക്കാവുന്നതാണ്. മൂന്ന് മാസമാണ് ഇങ്ങനെ ചികിത്സിക്കാനുള്ള കാലാവധി. ഇത് പിന്നീട് മൂന്ന് മാസവും കൂടി നീട്ടാന്‍ കഴിയും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ മൂന്ന്് വര്‍ഷം വരെ തടവും 50,000 മുതല്‍ 200000ഖത്തര്‍ റിയാല്‍ വരെ പിഴയും ലഭിക്കാം. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം നിയമം പ്രാബല്യത്തില്‍ വരും.