സിഡ്‌നി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തിന് ജൂണില്‍ മെല്‍ബണ്‍ വേദിയാവും. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ റാങ്കിങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള സൗഹൃദ പോരാട്ടം ജൂണ്‍ ഒമ്പതിന് ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും. അര്‍ജന്റീന-ബ്രസീല്‍ പോരാട്ടങ്ങളേക്കാളും വലിയ മറ്റൊരു ഫുട്‌ബോള്‍ പോരാട്ടമില്ലെന്നും നെയ്മര്‍-മെസ്സി പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നതാണെന്നും വിക്ടോറിയ ടൂറിസം മന്ത്രി ജോണ്‍ എറന്‍ മത്സരം അറിയിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ജൂണില്‍ റഷ്യയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഓസ്‌ട്രേലിയയില്‍ കളിക്കുമെന്ന് നേരത്തെ ഓസീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു ടീമുകളും തമ്മിലുള്ള നേരങ്കത്തില്‍ ബ്രസീലിനാണ് മുന്‍തൂക്കം. 2012നു ശേഷം ബ്രസീല്‍ അര്‍ജന്റീനയോട് തോറ്റിട്ടില്ല.