kerala

യു.പിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കനെ അടിച്ചു കൊന്നു; 18കാരി അറസ്റ്റില്‍

By webdesk18

January 02, 2026

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ 18കാരി അടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുര്‍വാള്‍ ഗ്രാമത്തിലാണ് സംഭവം.

വൈകിട്ട് 3.30 ഓടെ തലയ്ക്ക് മാരകമായ മുറിവേറ്റ നിലയില്‍ സുഖ്‌രാജ് പ്രജാപതിയുടെ (50) മൃതദേഹം ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയതായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രാജേന്ദ്ര സിങ് രജാവത് പറഞ്ഞു. പ്രജാപതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രിയില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രജാപതി തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വീട്ടില്‍ ഉണ്ടായിരുന്ന മഴു കൊണ്ട് പ്രജാപതിയെ അടിക്കുകയായിരുന്നു. യുവതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.