india

ബംഗ്ലാദേശി എന്ന് മുദ്രകുത്തി ആന്ധ്രാപ്രദേശില്‍ കുടിയേറ്റ തൊഴിലാളിയെ അടിച്ചുകൊന്നു

By Lubna Sherin K P

January 24, 2026

ആന്ധ്രാപ്രദേശില്‍ ബംഗ്ലാദേശി എന്ന് മുദ്രകുത്തി മുസ്‌ലിം കുടിയേറ്റ തൊഴിലാളിയെ അടിച്ചുകൊലപ്പെടുത്തി. ബംഗാളി മുസ്‌ലിം കുടിയേറ്റ തൊഴിലാളിയായ മഞ്ചൂര്‍ ആലം ലസ്‌കര്‍ ആണ് കൊല്ലപ്പെട്ടത്. ഇത് ബംഗ്ലാദേശിലും ഇന്ത്യയിലും ഉടനീളം രോഷത്തിന് കാരണമായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ 32-കാരന്‍, ‘ബംഗ്ലാദേശി’ പൗരനാണെന്ന് തെറ്റായി ആരോപിക്കപ്പെടുകയും ഇത് ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കും ഒടുവില്‍ ദാരുണമായ മരണത്തിന് കാരണമാവുകയും ചെയ്തു.

കുറേ കാലമായി കൊമറോലുവില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആലം ലസ്‌കറിനെ ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യമായി 25,000 രൂപ ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. ഭാര്യ 6,000 രൂപ അയച്ചെങ്കിലും പിന്നീട് 2026 ജനുവരി 21 ന് കൊലപാതകം നടന്നതായി വീട്ടുകാരെ അറിയിച്ചു.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതും രാഷ്ട്രീയ പ്രേരിതവും സാമുദായിക വിദ്വേഷവുമായി ബന്ധപ്പെട്ടതുമാണെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. അക്രമികള്‍ ആദ്യം മഞ്ചൂരിനെ ‘ബംഗ്ലാദേശി’ എന്ന് മുദ്രകുത്തി, തുടര്‍ന്ന് കൊലപ്പെടുത്തുന്നതിന് മുമ്പ് മോഷണക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ആലം ലസ്‌കറിന്റെ സഹോദരന്‍, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ജിയാസുദ്ദീന്‍ ലാസ്‌കര്‍ പറഞ്ഞു.

നീതി ഉറപ്പാക്കാന്‍ ആന്ധ്രാപ്രദേശ് അധികൃതരുമായി ഉടന്‍ ഇടപെടണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ആലം ലസ്‌കറിന്റെ കുടുംബം നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു. ഇയാളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആക്രമണത്തെ അപലപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തിന്റെ ഒരു മാതൃകയാണെന്ന് മുദ്രകുത്തി, കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ടിഎംസിയുടെ പ്രസ്താവന:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ അവഗണിക്കുകയാണെന്ന് ഒരു പ്രസ്താവനയില്‍ ടിഎംസി ആരോപിച്ചു, ”സര്‍ക്കാര്‍ നടപടിയെടുക്കുന്നതിന് മുമ്പ് ഇനിയും എത്ര ജീവനുകള്‍ നഷ്ടപ്പെടണം?” എന്ന് ചോദിച്ചു.

ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ളവര്‍, തങ്ങളുടെ പ്രാദേശിക സ്വത്വത്തിന്റെ പേരില്‍ പലപ്പോഴും വിവേചനത്തിനും അക്രമത്തിനും വിധേയരാകുന്ന, നേരിടുന്ന വെല്ലുവിളികളെ ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു.