മുംബൈ: ചില്ലറ വില്‍പ്പന മേഖല ലക്ഷ്യമിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്ന റീട്ടെയില്‍ സംരഭത്തിലേക്ക് 5549 കോടിയുടെ നിക്ഷേപം കൂടി. സില്‍വര്‍ ലേക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ കമ്പനികളില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തിയത്.

ആഗോള പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക് 3675 കോടിയാണ് റിലയന്‍സില്‍ നിക്ഷേപിക്കുന്നത്. സില്‍വര്‍ ലേക്ക് നേരത്തെ നിക്ഷേപിച്ച 7500 കോടിക്കു പുറമേ, 1875 കോടി കൂടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 5580 കോടിയാണ് കെകെആര്‍ നിക്ഷേപിച്ചിട്ടുള്ളത്.

പുതിയ നിക്ഷേപങ്ങളോടെ ചില്ലറ വില്‍പ്പന മേഖലയിലെ മൊത്തം നിക്ഷേപം 18600 കോടിയായി ഉയര്‍ന്നു. അബുദാബി ആസ്ഥാനമായ മുബാദല ഇന്‍വസ്റ്റ്‌മെന്റ് കോപറേഷനും റിലയന്‍സുമായി ചര്‍ച്ചയിലാണ്. ജിയോ പ്ലാറ്റ്‌ഫോംസില്‍ നേരത്തെ മുബാദല ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമിറക്കിയിട്ടുണ്ട്. പുതിയ നിക്ഷേപങ്ങളോടെ റിലയന്‍സ് റിട്ടെയില്‍ ലിമിറ്റഡിന്റെ മൂല്യം 4.2 ലക്ഷം കോടിയായി ഉയര്‍ന്നു.

ഇന്ത്യയില്‍ ആമസോണിനും ഫളിപ്കാര്‍ട്ടിനും ബദലാകുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ഏഴായിരം നഗരങ്ങളില്‍ 12000 കടകള്‍ ആരംഭിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. രാജ്യത്തെ ചെറുകിട കച്ചവടങ്ങള്‍ക്ക് റിലയന്‍സ് വന്‍ വെല്ലുവിളി ഉയര്‍ത്തും എന്നാണ് കണക്കാക്കുന്നത്.