News

മുസ്തഫിസുറിനെ പുറത്താക്കാന്‍ നീക്കം; കൊല്‍ക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ

By webdesk18

January 03, 2026

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിലുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ബിസിസിഐയുടെ അസാധാരണ ഇടപെടല്‍. ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ഒഴിവാക്കണമെന്ന് ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ബംഗ്ലദേശ് താരത്തെ ടീമിലെടുത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍.

കൊല്‍ക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ സ്ഥിരീകരിച്ചു. മുസ്തഫിസുറിനു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ ബിസിസിഐ അനുവദിക്കുമെന്നും സൈകിയ വ്യക്തമാക്കി. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഷാറുഖ് ഖാനെയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.