ഭോപാല്‍: മധ്യപ്രദേശ് ഡിജിപി പുരുഷോത്തം ശര്‍മ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീട്ടിലെ ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ കമഴ്ത്തിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വളര്‍ത്തുനായ കുരച്ചുകൊണ്ട് സമീപത്തുകൂടി നടക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ചുമതലകളില്‍ നിന്ന് പുരുഷോത്തം ശര്‍മയെ നീക്കിയിരുന്നു. പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡിജിപിയാണ് 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ. അച്ഛന്‍ അമ്മയെ തല്ലുന്ന വിഡിയോ ഇന്‍കംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകനാണ് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചു കൊടുത്തത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് ആരോപണം.

എന്നാല്‍, ഇക്കാലമത്രയും തന്റെ പണം കൊണ്ട് ഭാര്യ വിദേശയാത്ര ഉള്‍പ്പെടെ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും താനൊരു പീഡകനായിരുന്നുവെങ്കില്‍ ഇത്രകാലം ഒപ്പം താമസിക്കുമായിരുന്നോയെന്നുമാണ് പുരുഷോത്തം ശര്‍മ പറയുന്നത്.