മുംബൈ: അപമാനിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവതി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്‌കും വെച്ചിരുന്നില്ല.

മുഹ്‌സിന്‍ ഷെയ്ക്ക് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോളാണ് പൊലീസ് ഇവരെ തടഞ്ഞത്. ഹെല്‍മെറ്റ് വെയ്ക്കാത്തതിനാല്‍ മുഹ്‌സിനില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കിക്കുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു.

മുഹ്‌സിന്‍ ആണ് വിഡിയോ എടുത്തത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ്, ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിക്കുന്നത് വിഡിയോയില്‍ കാണാം. മുഹ്‌സിനെയും സാങ്ക്രികയെയും പൊലീസ് അറസ്റ്റ് ചെയ്തു.