കേന്ദ്രം പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിംലീഗ്. കെ. നവാസ് കനി എം.പിയുടെ നേതൃത്വത്തില്‍ ദേശീയ പ്രതിനിധി സംഘം കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്യുമെന്നും സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കോഴിക്കോട്ട് നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിയമവാഴ്ച ഇല്ലാതായിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിബന്ധനകള്‍ മറികടന്ന് മൃതദേഹങ്ങളോട് അനാദരവ് കാണിക്കാന്‍ പാടില്ല. വിവിധ സംസ്ഥാനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായി നടക്കുന്ന നിയമ നിര്‍മ്മാണങ്ങളെ നിയമപരമായി എതിര്‍ക്കുംഅദ്ദേഹം പറഞ്ഞു. സി.എ.എ, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളിലെ കേസുകളില്‍ ലീഗ് കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമ നിര്‍മ്മാണങ്ങളും നിയമപരമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് കൂട്ടുകെട്ടുകള്‍ തീരുമാനിക്കും. ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ എന്നിവരെ ചുമതലപ്പെടുത്തി. നോമ്പ്കാലത്ത് വോട്ടെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ദേശീയ തലത്തില്‍ ജൂണ്‍ മാസത്തില്‍ മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിച്ച തീരുമാനത്തിന് ദേശീയ കമ്മിറ്റി അംഗീകാരം നല്‍കി. പ്രവാസി വോട്ടവകാശത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരായി ചോദ്യം ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.