ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11മുതല്‍ ഹര്‍ജികളില്‍ ബെഞ്ച് വാദം കേള്‍ക്കും.

വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ, മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നവയാണോ, മത സ്വാതന്ത്രം സംബന്ധിച്ച ഭരണഘടനയുടെ 25(1) വകുപ്പ് തുല്യതക്കും ജീവിക്കാനുള്ള അവകാശം സംബന്ധിച്ച വകുപ്പുകള്‍ക്കു വിധേയമാണോ, മുത്തലാഖും ബഹുഭാര്യത്വവും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തു പോകുന്നതാണോ തുടങ്ങി നാലു ചോദ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അസാധുവെന്നു വ്യക്തമാക്കുന്നതാണ് 13-ാം വകുപ്പ്. വ്യക്തി നിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്നതാണ് പ്രധാന തര്‍ക്കം. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നേരത്തെ നിലപാടുകള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി സ്വമേധയ എടുത്ത പൊതുതാല്‍പര്യ ഹര്‍ജികളും വിവിധ സംഘടനകളും ഏതാനും സ്ത്രീകളും നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുത്തലാഖ് അവസാനിപ്പിക്കണമെന്നും പകരം എല്ലാ മതസ്ഥര്‍ക്കും അനുയോജ്യമായ ഏക സിവില്‍ കോഡ് ഏര്‍പ്പെടുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്്‌ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മുത്തലാഖ് അവസാനിപ്പിക്കേണ്ടത് ഭരണപരമായ ബാധ്യതയാണെന്നും മുസ്്‌ലിം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇതിനെ എതിര്‍ത്തിരുന്നു.
വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ച തുടങ്ങിയവക്കായി ഓരോ മതസ്ഥര്‍ക്കും അവരവരുടേതായ വ്യക്തി നിയമങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കിയുള്ളതാണ് മുസ്‌ലിം വ്യക്തി നിയമങ്ങളെന്നും അതില്‍ മാറ്റിത്തിരുത്തല്‍ സാധ്യമല്ലെന്നുമാണ് ബോര്‍ഡ് ഉന്നയിച്ച വാദം. ഏത് മതത്തിലും വിശ്വസിക്കാനും പിന്തുടരാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ഭരണഘടനാ ഉറപ്പു നല്‍കുന്ന മൗലികാവകാശ ലംഘനമാണ് ഏക സിവില്‍കോഡ് എന്ന വാദവും ബോര്‍ഡ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.