കോഴിക്കോട്: ആട്ടിയോടിക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടും ചരിത്രത്തിലെ തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരകളാകുന്ന രോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട്ട് നടത്തിയ റാലി നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള പ്രൗഢസന്ദേശമായി. മാവൂര്‍ റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിച്ച റാലിക്ക് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുതലക്കുളത്ത് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്തു.

ലോകസമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നോബര്‍ സമ്മാനം കൊണ്ട് വാഴ്ത്തപ്പെട്ടവര്‍ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിനു കൂട്ടുനില്‍ക്കുന്നതാണ് രോഹിങ്ക്യകളുടെ കാര്യത്തില്‍ കാണാനാവുന്നതെന്ന് ഇ.അഹമ്മദ് പറഞ്ഞു. ലോകം പ്രാര്‍ഥിച്ചും ഇടപെട്ടും ഓങ് സാന്‍ സൂചിക്ക് തടവറയില്‍ നിന്നു പുറത്തേക്കു വഴി കാട്ടിയെങ്കിലും അതിനോടു നീതി കാട്ടാന്‍ അവര്‍ക്കു സാദിക്കുന്നില്ല. ഈ സമയത്ത് നാം ലോകസമാധാനത്തിന് പ്രതിജ്ഞാബദ്ധരാകുകയും പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരികയും വേണം. ലോകമനസ്സാക്ഷിയുടെ കരളലിയിപ്പിക്കുന്ന ഈ രോദനങ്ങള്‍ക്കു നേരെ ആര്‍ക്കും കണ്ണടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മനുഷ്യന് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ക്കു നേരെ പ്രതികരിക്കുക യുവസമൂഹത്തിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ പ്രഥമ പരിപാടി രോഹിങ്ക്യന്‍ജനതക്ക് ഐക്യദാര്‍ഢ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിലും സിറിയയിലും നേരിടുന്ന പ്രശ്‌നങ്ങള്‍ സഹോദരന്മാരുടേതായതിനാല്‍ നമ്മുടെയും പ്രശ്‌നമാണ്. രോഹിങ്ക്യന്‍ ജനതക്കായി ശബ്ദിക്കാന്‍ ഐക്യരാഷ്ട്രസഭയോ ആസിയാനോ അയല്‍രാജ്യങ്ങളോ തയ്യാറാകുന്നില്ല. ജോലിക്കോ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ അവകാശമില്ലാതെ ഒരു ജനത കഷ്ടപ്പെടുന്നത് ലോകമനസ്സാക്ഷിയുടെ വേദനയാണ്. രോഹിങ്ക്യകള്‍ ഇന്ന് മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ck-3-31

കഷ്ടപ്പെടുന്നവരുടെയും പീഢിപ്പിക്കപ്പെടുന്നവരുടെയും പക്ഷത്തു നില്‍ക്കലാണ് രാഷ്ട്രീയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി പറഞ്ഞു. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കലും വീടുകളില്‍ നിന്നു ആട്ടിയോടിക്കപ്പെടുന്നവര്‍ക്കായി ശബ്ദിക്കലും മതപരമായ ധര്‍മ്മമാണ്. ജനിച്ച നാട്ടില്‍ പൗരത്വം നിഷേധിക്കപ്പെടുന്നവരാണ് രോഹിങ്ക്യകള്‍. ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഏതു രാഷ്ട്രവും പരമപ്രധാനമായി കാണേണ്ടതാണ്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പിന്തിരിപ്പന്‍ പ്രവണതകളുടെ ഭീകരവിളയാട്ടമാണ് മ്യാന്‍മറില്‍ കാണുന്നത്. ബുദ്ധനില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തിനാണ് ഇത്ര വലിയ ഭീകരത നടത്തുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറാകണം. ലോകത്ത് എന്നും മനുഷ്യത്വത്തിന്റെ നാവായി നിലനിന്നിട്ടുള്ള ഇന്ത്യക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ ബാധ്യതയുണ്ട്. ബഹുസ്വരതയിലൂടെ മാത്രമെ രാജ്യങ്ങള്‍ നിലനില്‍ക്കുന്നു. അപരത്വനിര്‍മ്മിതി എല്ലാവരും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിന് നോബല്‍ കിട്ടിയവരോട് സമാധാനം സ്ഥാപിക്കാന്‍ മറ്റു അവാര്‍ഡ് ജേതാക്കള്‍ക്ക് ആവശ്യപ്പെടേണ്ടി വരുന്ന ദുസ്ഥിതിയാണ് മ്യാന്‍മറിലെന്ന് ഡോ.എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. രോഹിങ്ക്യകള്‍ അഭയം തേടി ചെല്ലുമ്പോള്‍ അവിടെയും നീതിനിഷേധിക്കപ്പെടുകയാണ്. സ്വന്തം നാട്ടില്‍ അവര്‍ കല്ലുവെച്ച് വീടുണ്ടാക്കിയാല്‍ അത് ജിഹാദാണെന്ന് ആരോപിക്കപ്പെട്ട് തകര്‍ക്കപ്പെടുന്നു. നൂറുകണക്കിനാളുകള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളുകകയും ചെയ്തിട്ടും ലോകരാഷ്ട്രങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് വേദനാജനകമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പികെകെ ബാവ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പിഎം സാദിഖലി, മുന്‍ ജന.സെക്രട്ടറി സികെ സുബൈര്‍, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്‌റഫലി, ദളിത് ലീഗ് പ്രസിഡണ്ട് യുസി രാമന്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എംഎ സമദ് നന്ദിയും പറഞ്ഞു. കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലി മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്റ് – മാവൂര്‍ റോഡ് – മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിച്ചു. റാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എം എ സമദ്, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ് നേതൃത്വം നല്‍കി.