ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റു തടയണമെന്ന് നാദിര്‍ഷ ആവശ്യപ്പെട്ടത്. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും. നാദിര്‍ഷാക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനു പിന്നാലെ നാദിര്‍ഷ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് അറിവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അത്തരത്തിലൊരു പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
അതേസമയം, നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് പൊലീസ്. നാദിര്‍ഷായെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ആദ്യ ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം നാദിര്‍ഷയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നാദിര്‍ഷ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. നിലമ്പൂരിനടുത്ത് വണ്ടിത്താവളത്ത് തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെയെത്തിയ സിനിമാ മേഖലയിലെ ചിലര്‍ നാദിര്‍ഷയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പ്രദേശത്ത് തന്നെയായിരുന്നു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞതും. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഫോര്‍ട്ടു കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലും നാദിര്‍ഷ എത്തിയിരുന്നു. അവിടെയും ചില രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നതായാണ് വിവരം. കൂടിക്കാഴ്ചയില്‍ വിദേശ മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ പങ്കെടുത്തു. രണ്ടിടങ്ങളിലും ആരൊക്കെ സന്ദര്‍ശിച്ചു, കൂടിക്കാഴ്ച നടത്തിയവര്‍ എന്തൊക്കെ സംസാരിച്ചു, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അടുത്ത ചോദ്യം ചെയ്യലില്‍ നാദിര്‍ഷ ഇക്കാര്യം വിശദീകരിക്കേണ്ടി വരുമെന്നാണ് സൂചന.