ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് താരസംവിധായകന്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. നേരത്തെ നാദിര്‍ഷ നല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും കൂടുതല്‍ വ്യക്തതക്കു വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി നിയമോപദേശം തേടിയതായാണ് വിവരം.