മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. അതേസമയം പണം തന്നെ ഇതുവരെ സ്വാധിനിച്ചിട്ടില്ലെന്നും എന്റെ സമ്പത്ത് എന്നെ വിശ്വസിക്കുന്ന അണികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.

പല്‍ഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിക്കെതിരെ ഉദ്ധവ് ആഞ്ഞടിച്ചത്. നിലവില്‍ ബി.ജെ.പിയുടെ മണ്ഡലമായ പല്‍ഗറില്‍ എം.എല്‍.എ ചിന്താമന്‍ വനാഗയുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സമീപകാലത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു വന്ന രാജേന്ദ്ര ഗാവിതിനാണ് ബി.ജെ.പി ഇവിടെ സീറ്റു നല്‍കിയത്. അതേസമയം ചിന്താമന്‍ വനാഗയുടെ മകന്‍ ശ്രീനിവാസ് വനാഗയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി.

ഗോത്രവംശജനായ ശ്രീനിവാസ് വനാഗയുടെ കൈയില്‍ വേണ്ടത്ര പണം ഇല്ലെന്ന് മനസ്സിലാക്കിയാണ് പുതുതായി പാര്‍ട്ടിയിലെത്തിയ ധനികന് സീറ്റ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം വനാഗ കുടുംബത്തിലെ ഒരു വ്യക്തിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കവെയാണ് ശിവസേന ശ്രീനിവാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിലൂടെ ശിവസേന ബി.ജെ.പി വഞ്ചിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചു. മെയ് 28നാണ് പല്‍നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ ശിവസേനാ നേരത്തെ തീരുമാനിച്ചിരുന്നു. മുംബൈയില്‍ നടന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.