ജേക്കബ് തോമസിന് പകരം വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവം. തുടര്‍ച്ചയായി ഹൈക്കോടതിവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ ഈ സ്ഥാനമേറ്റെടുക്കാന്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമില്ലെന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ മാറ്റിയത് ചോദ്യംചെയ്ത നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിവിധി വരാനിരിക്കെയാണ് വിജിലന്‍സ് മേധാവി സ്ഥാനത്ത് ഇളക്കി പ്രതിഷ്ഠ ഉണ്ടായിരിക്കുന്നത്. ഈമാസം 10നാണ് വിധിവരുന്നത്. മാത്രമല്ല വിജിലന്‍സ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതിയുടെ അന്തിമവിധിയും ഈ മാസം ഉണ്ടാകും.

ഇതിനിടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വിജിലന്‍സ് ഡയരക്ടറുടെ താല്‍ക്കാലിക ചുമതലയേറ്റെടുത്തു. അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് തിരികെയെത്തിയാല്‍ ചുമതല കൈമാറുമെന്നും അദേഹം വ്യക്തമാക്കി.
സാധാരണ വിജിലന്‍സ് ഡയരക്ടര്‍ അവധിയില്‍ പോകുമ്പോള്‍ വിജിലന്‍സ് എ.ഡി.ജി.പിക്ക് താല്‍ക്കാലിക ചുമതല നല്‍കുകയാണ് കീഴ്വഴക്കം. എന്നാല്‍ ഇതാദ്യമായി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് തന്നെ വിജിലന്‍സിന്റെയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ജേക്കബ് തോമസിന്റെ മടങ്ങി വരവ് ഇനിയുണ്ടാകില്ലെന്ന സൂചന നല്‍കിയായിരുന്നു ബെഹ്‌റക്ക് ചുമതല നല്‍കിയത്. ഇതിനുപിന്നാലെ വിജിലന്‍സ് തലപ്പത്തേക്ക് പകരക്കാരനുവേണ്ടി സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആലോചനയും തുടങ്ങി. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരായ ഋഷിരാജ് സിംഗ്, എ.ഹേമചന്ദ്രന്‍. മുഹമ്മദ് യാസിന്‍, രാജേഷ് ധിവാന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. എന്നാല്‍ വിജിലന്‍സിന്റെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഈ പറഞ്ഞ പല ഉദ്യോഗസ്ഥര്‍ക്കും മടിയാണ്. എന്തായാലും സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിക്കുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‌ശേഷം പൊലീസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണിയുണ്ടാകും. പിണറായി സര്‍ക്കാറിന്റെ 10 മാസക്കാലയളവില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായതും മാധ്യമങ്ങളില്‍ ചര്‍ച്ചയായതും വിജിലന്‍സ്, ആഭ്യന്തരവകുപ്പുകളെ കുറിച്ചാണ്. ഇതില്‍ തന്നെ വിജിലന്‍സ് ഡയരക്ടറുടെ നിലപാടും നീക്കങ്ങളുമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രത്യേക താല്‍പര്യമെടുത്ത് ജേക്കബ് തോമസിനെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഒടുവില്‍ അദ്ദേഹത്തോട് മാറിനില്‍ക്കണമെന്ന് പറയേണ്ടിയും വന്നു.
പൊലീസിന് നിരന്തരം വീഴ്ചപറ്റുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിന്റെയും വിജിലന്‍സിന്റെയും മേധാവിയായി ഒരേ സമയം ഒരു ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കുന്നതിന് കഴിയില്ലെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. മാത്രവുമല്ല, പല പ്രധാന പരാതികളിലും വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിജിലന്‍സ് ഡയരക്ടറാക്കാന്‍ പറ്റിയ ഉദ്യോഗസ്ഥനായി പാര്‍ട്ടിയും സര്‍ക്കാറും അന്വേഷണത്തിലാണ്.