kerala

‘വോട്ടര്‍മാരെ വെറുപ്പിക്കാനില്ല’; തൃശൂര്‍ കലോത്സവ നഗരിയില്‍ പാട്ടുപാടി ചാണ്ടി ഉമ്മന്‍;

By sreenitha

January 15, 2026

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ ചാനല്‍ ഫ്‌ലോറില്‍ മൈക്ക് ലഭിച്ചപ്പോള്‍ പാട്ടുപാടി ശ്രദ്ധ നേടി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. ‘ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍…’ എന്ന ഗാനം പാടിയതോടെ ചുറ്റുമുള്ളവര്‍ കൈയ്യടിയോടെ പിന്തുണച്ചു.

വോട്ടുപിടിക്കാനിറങ്ങുമ്പോള്‍ പാട്ടുപാടുമോ എന്ന ചോദ്യത്തിന്, ”വോട്ടര്‍മാരെ വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ”വോട്ട് പിടിക്കുന്ന സമയത്ത് പാട്ടുപാടിയാല്‍ എന്റെ ഉള്ള വോട്ടും കൂടി പോകും. ചാനല്‍ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ലേ എന്നെക്കൊണ്ട് പാടിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

കവിത എഴുതാനോ പാടാനോ തനിക്ക് വലിയ പരിചയമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ”എല്‍ദോസ് കുന്നപ്പിള്ളിയുടെ കവിത കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് കവിത അറിയില്ല. ട്രൈ ചെയ്തിട്ടുമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിമിക്രിക്കാര്‍ തന്റെ ശബ്ദം അനുകരിക്കാറുണ്ടോയെന്ന ചോദ്യത്തിന്, ”എന്റെ സൗണ്ട് അങ്ങനെ മിമിക്രിക്കാര്‍ അനുകരിക്കാറായിട്ടില്ല,” എന്നായിരുന്നു മറുപടി.

കലോത്സവ നഗരിയെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ പ്രതികരിച്ചു. ”തൃശൂരിലെ കലോത്സവം അടിപൊളിയാണ്. ഒന്നാംതരം അറേഞ്ച്‌മെന്റ്‌സാണ്. ഇത് കലയുടെ നാടും സാംസ്‌കാരിക തലസ്ഥാനവുമാണ്. പുലിക്കളി, പൂരം, ബോണ്‍ നതാലെ തുടങ്ങി എല്ലാ കലാപരവും സാംസ്‌കാരികവുമായ പരിപാടികളും നടക്കുന്ന ഇടം. പ്രത്യേകിച്ച് വടക്കുന്നാഥന്റെ മണ്ണില്‍ ആയതിന്റെ ഒരു പ്രത്യേക വൈബുണ്ട്,” എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ തനിക്കുമെപ്പോഴും ആള്‍ക്കൂട്ടമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കലോത്സവ നഗരിയിലൂടെ ഒരു മണവാളനെപ്പോലെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുവന്നതായിരുന്നു,” എന്ന് ചിരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.