ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന (EV) ബാറ്ററികളുടെ കാര്യക്ഷമത, സുരക്ഷ, പുനരുപയോഗം എന്നിവ ഉറപ്പാക്കാന്‍ ‘ആധാര്‍’ മാതൃകയിലുള്ള തിരിച്ചറിയല്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബാറ്ററി നിര്‍മാതാവോ ഇറക്കുമതിക്കാരനോ ഓരോ ഇവി ബാറ്ററിക്കും 21 ക്യാരക്ടര്‍ അടങ്ങിയ ‘ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍’ (BPAN) നിര്‍ബന്ധമായും നല്‍കണമെന്ന് കരട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
ബിപിഎഎന്‍ എന്ന ഈ യൂണിക്ക് നമ്പര്‍ വ്യക്തമായി കാണാവുന്ന സ്ഥാനത്ത് ബാറ്ററിയില്‍ രേഖപ്പെടുത്തണമെന്നും, അത് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഇതിനായി സര്‍ക്കാര്‍ ഒരുക്കുന്ന ഔദ്യോഗിക പോര്‍ട്ടലില്‍ ബാറ്ററി പായ്ക്കിന്റെ ഡൈനാമിക് ഡാറ്റയും നിര്‍മാതാക്കളോ ഇറക്കുമതിക്കാരോ അപ്ലോഡ് ചെയ്യേണ്ടിവരും.
‘ബാറ്ററി പായ്ക്ക് ആധാര്‍ സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍’ അനുസരിച്ച്, ബാറ്ററിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം, നിര്‍മ്മാണം, ഉപയോഗഘട്ടം, സെക്കന്‍ഡ്‌ലൈഫ് ഉപയോഗം, പുനരുപയോഗം, നിര്‍മാര്‍ജനം തുടങ്ങിയ എല്ലാ നിര്‍ണായക വിവരങ്ങളും ബിപിഎഎന്‍ മുഖേന ട്രാക്ക് ചെയ്യാനാകും.
ഇതുവഴി നിയന്ത്രണാനുസരണം, ബാറ്ററി ഗുണനിലവാരം, സുരക്ഷ, പരിസ്ഥിതി സൗഹൃദ നിര്‍മാര്‍ജനം, കാര്യക്ഷമമായ റിസൈക്ലിങ് എന്നിവ ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തെ ഇവി ഇക്കോസിസ്റ്റം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപരവുമാക്കുന്ന നിര്‍ണായക നീക്കമായാണ് ഈ നിര്‍ദ്ദേശത്തെ വിലയിരുത്തുന്നത്.