Connect with us

india

പറ്റ്‌നയില്‍ പ്രതിപക്ഷ പടയൊരുക്കം; ബി.ജെ.പി കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന് പറ്റ്‌നയില്‍.

Published

on

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന് പറ്റ്‌നയില്‍. കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ സമാന മനസ്‌കരായ കക്ഷികളെ എങ്ങനെ ഒരു വേദിയില്‍ എത്തിക്കാമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് യോഗം. 16 പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എസ്.പിയും ഡി.എം.കെയും ഇടതുപക്ഷവും ഉള്‍പ്പെടെ പ്രമുഖ കക്ഷികളെല്ലാം സംബന്ധിക്കും. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും രാഹുല്‍ ഗന്ധിയുമാകും യോഗത്തില്‍ പങ്കെടുക്കുക. തൃണമൂലിനെ പ്രതിനിധീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എത്തും.

ഡി.എം.കെ പ്രതിനിധിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സമാജ്‌വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അഖിലേഷ് യാദവും എന്‍. സി.പിയില്‍ നിന്ന് ശരത് പവാറും പങ്കെടുക്കും. അതേസമയം ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ പരസ്യ പിന്തുണ നല്‍കാന്‍ കോ ണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് എ.എ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തേക്കുമെന്നാണ് രഹസ്യ വിവരം. വലിയ മുന്നൊരുക്കങ്ങളാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് മുന്നോടിയായി പട്‌നയില്‍ നടന്നിട്ടുള്ളത്. കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിന് എത്തുന്ന കക്ഷി നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കമാനങ്ങളും നഗരത്തിലാകെ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടേയും നേതാക്കള്‍ ഒരുമിച്ചുള്ള പോസ്റ്ററുകള്‍ക്ക് പുറമെ, വിവിധ കക്ഷികള്‍ തങ്ങളുടെ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക പോസ്റ്ററുകളും നഗരത്തിലുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ ഖാര്‍ഗെയുടെയും രാഹുലിന്റെയും ചിത്രങ്ങളുള്ള കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പട്‌ന വിമാനത്താവള പരിസരത്തും നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധ്യമായത്ര സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥികള്‍ എന്നതാണ് ജെ. ഡി.യുവും ആര്‍.ജെ. ഡിയുവും മുന്നോട്ടുവെക്കുന്ന ഫോര്‍മുല. 400 മുതല്‍ 450 വരെ സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യം.

540 ലോക്‌സഭാ സീറ്റുകളില്‍ 400നു മുകളില്‍ സീറ്റില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബി. ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയെ അനായാസം അതിജീവിക്കാനാകുമെന്നാണ് നിതീഷിന്റെയും തേജസ്വിയുടേയും തന്ത്രം. തത്വത്തില്‍ ഈ നിര്‍ദേശത്തോട് വിവിധ കക്ഷികള്‍ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം സീറ്റില്‍ പൊതു സ്ഥാനാര്‍ത്ഥി എന്നതടക്കം ചര്‍ച്ചയാകുമെന്നാണ് വിവരം. പ്രതിപക്ഷ ഐക്യശ്രമങ്ങളില്‍ യോഗം നിര്‍ണായകമായി മാറുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.

india

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്

പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം.

Published

on

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ന്യൂനപക്ഷ വിഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അസ്വസ്ഥത പടര്‍ത്തി; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു.

Published

on

ഇന്ത്യൻ മുസ്ലീങ്ങളുടെ ഭരണഘടനാപരവും ന്യൂനപക്ഷവുമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് റൂൾ 377 പ്രകാരം ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ച് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ നിരവധി സംഭവങ്ങൾ നിയമപരവും ഭരണപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ ഇന്ത്യൻ മുസ്ലീം സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതായി എംപി പറഞ്ഞു.

2025 ലെ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നതായും, മതസ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും സമുദായം പരമ്പരാഗതമായി കൈകാര്യം ചെയ്തുവരുന്ന സ്വത്തുക്കളിൽ അമിതമായ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആശങ്ക സമുദായ സംഘടനകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില പ്രദേശങ്ങളിൽ വലിയ പ്രതിസന്ധികളുടെയും നിയമ നടപടികളുടെയും സാഹചര്യങ്ങളിലേക്ക് വഴിമാറി. ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും എംപി വ്യക്തമാക്കി. ഇതോടൊപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. സ്ഥാപനപരമായ പക്ഷപാതവും ഭരണഘടനാ സംരക്ഷണത്തിനുള്ള ഇടം ചുരുങ്ങുന്നതുമെന്ന തോന്നലിൽ നിരവധി സമുദായ നേതാക്കൾ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.

Continue Reading

india

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

Published

on

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.

Continue Reading

Trending