ലണ്ടന്‍: രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം. ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് സര്‍വകലാശാലയുടെ പ്രാഥമിക പഠനം പറയുന്നത്.

ചില കോവിഡ് രോഗമുക്തരില്‍ വിവിധ അവയവങ്ങളില്‍ അസാധാരണത്വങ്ങള്‍ പഠനം കണ്ടെത്തി. 58 കോവിഡ് രോഗികളിലെ ദീര്‍ഘകാല കോവിഡ് പ്രഭാവമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വിലയിരുത്തിയത്.

പഠന വിധേയരാക്കിയ കോവിഡ് രോഗികളില്‍ 64 ശതമാനം പേര്‍ക്കും തുടര്‍ന്നും ശ്വാസംമുട്ടലുണ്ടായപ്പോള്‍ 55 ശതമാനം പേര്‍ക്ക് കാര്യമായ ക്ഷീണം അനുഭവപ്പെട്ടു. 60 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനും 29 ശതമാനം പേര്‍ക്ക് കിഡ്‌നിക്കും 26 ശതമാനം പേര്‍ക്ക് ഹൃദയത്തിനും 10 ശതമാനം പേര്‍ക്ക് കരളിനും പ്രശ്‌നങ്ങളുണ്ടെന്ന് എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ പരിചരണം കിട്ടേണ്ട ആവശ്യകതയാണ് പഠനം ബോധ്യപ്പെടുത്തുന്നത് എന്ന് സര്‍വകലാശാലാ റാഡ്ക്ലിഫ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന്‍ പറഞ്ഞു.