ഗസ്സ: ഇസ്രാഈല്‍ ഉപരോധങ്ങള്‍ മറികടന്ന് രണ്ട് ബോട്ടുകള്‍ ഗസ്സയില്‍നിന്ന് യാത്ര തുടങ്ങി. ഗസ്സയില്‍ ഇസ്രാഈല്‍ വെടിവെപ്പില്‍ പരിക്കേറ്റ ഫലസ്തീനികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുമായാണ് ബോട്ടുകള്‍ പുറപ്പട്ടിരിക്കുന്നത്. ഒമ്പത് നോട്ടി ക്കല്‍ മൈല്‍ പിന്നിട്ടപ്പോള്‍ ബോട്ടുകളെ ഇസ്രാഈല്‍ യുദ്ധക്കപ്പലുകള്‍ തടഞ്ഞു. 11 വര്‍ഷം പഴക്കമുള്ള ഉപരോധത്തെ സമാധാനപരമായി ചെറുത്തുതോല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ഒരുക്കുയിരിക്കുന്നതെന്ന് ഫ്‌ളോട്ടില സംഘാടക സമിതി അംഗം അലാഅ അല്‍ ബത്താഹ് പറഞ്ഞു. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ഫലസ്തീന്‍ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമന്നാവശ്യപ്പെട്ട് മാര്‍ച്ച് 30 മുതല്‍ ഫലസ്തീനികള്‍ നടത്തിയ പ്രക്ഷോഭ പരിപാടികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 120 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ സ്വപ്‌നവും മോഹവും വഹിച്ചാണ് ബോട്ടുകള്‍ പുറപ്പെടുന്നതെന്ന് സംഘാടകരില്‍ ഒരാളായ സലാഹ് അബ്ദുല്‍ ആതി പറഞ്ഞു. അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ സംഘടിപ്പിച്ച ഫ്‌ളോട്ടിലയില്‍ ആരെല്ലാമാണ് പങ്കെടുക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ആറ് നോട്ടിക്കല്‍ മൈലിന് അപ്പുറം ഫലസ്തീന്‍ മത്സ്യബന്ധന ബോട്ടുകളെപ്പോലും പോകാന്‍ അനുവദിക്കാത്ത ഇസ്രാഈല്‍ സേന ബോട്ടുകള്‍ തടയുമെന്ന് സംഘാടകര്‍ക്ക് ആശങ്കയുണ്ട്. എട്ട് വര്‍ഷം മുമ്പ് ഇസ്രാഈല്‍ സേന തുര്‍ക്കി ഫ്‌ളോട്ടില ആക്രമിച്ച് ഒമ്പത് തുര്‍ക്കി മനുഷ്യവാകാശ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് ബോട്ടുകള്‍ പുറപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.