പാരീസ്: ഫ്രഞ്ച് ടീമില്‍ നിന്ന് വിരമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജഴ്‌സിയിലെ കളി മതിയാക്കിയെന്ന വാര്‍ത്തകളെയാണ് താരം തള്ളിയത്. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറി ആയിട്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയതെന്ന് സ്‌പോര്‍ട്‌സ് ബെബിള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്. 47കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന് അധ്യാപകന്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോന്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫ്രാന്‍സിനായി ഇതുവരെ 72 മത്സരങ്ങള്‍ കളിച്ച താരം 10 ഗോളുകള്‍ രാജ്യത്തിനായി നേടിയിട്ടുണ്ട്. 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരം ക്രൊയേഷ്യക്കെതിരെ നടന്ന ഫൈനലില്‍ ഒരു ഗോളും നേടിയിരുന്നു.