കുന്ദമംഗലം: കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ കൊളായിത്താഴത്തുള്ള ഭാരത് പെട്രോളിയത്തിന്റെ ഔട്ട് ലെറ്റില്‍ തോക്ക് ചൂണ്ടി ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ പണം തിരിച്ചുകിട്ടി. സഹപ്രവര്‍ത്തകര്‍ മോഷ്ടാവിനെ നേരിട്ടതോടെയാണ് ബാഗുപേക്ഷിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

പമ്പ് അടച്ച ശേഷം പണം ബാഗിലാക്കി തൊട്ടടുത്ത ഉടമയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരാള്‍ തോക്ക് ചൂണ്ടി പ്രത്യക്ഷപ്പെടുകയും ബാഗ് ബലമായി പിടിച്ച് വാങ്ങുകയായിരുന്നു. ഇത് കണ്ട സഹജീവനക്കാരന്‍ ഓടിയെത്തിയതോടെ പിടിവലിയായി. ഇതിനിടയില്‍ ബാഗെടുത്ത് ഓടിയ മോഷ്ടാവിന്റെ പക്കല്‍ നിന്നും ബാഗില്‍ സൂക്ഷിച്ച പണം നിലത്തേക്ക് വീഴുകയായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും പരിസരവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സമാന രീതിയില്‍ കെട്ടാങ്ങല്‍ പെട്രോള്‍ പമ്പിലും തോക്ക് ചൂണ്ടി മോഷണം നടത്തിയത് ഇത് വരെ പിടികൂടാനായിട്ടില്ല. പമ്പിലുള്ള സി.സി.ടി.വി പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് വിവരം.