News

മനുഷ്യനിര്‍മ്മിത പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന്: ചെന്നിത്തല

By Manya

April 08, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മിത പ്രളയമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പുറത്തുവന്ന ശബ്ദരേഖ. സ്വകാര്യ സ്ഥാപനത്തിന് വേണ്ടി കൂടിയാണ് കേരളത്തില്‍ പ്രളയം അന്നത്തെ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.

വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച അമിക്സ് ക്യൂറിയുടെ റിപ്പോര്‍ട്ടിനകത്തും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ പ്രളയത്തില്‍ മുക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയന്‍ സര്‍ക്കാരിനാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാല്‍ പിന്നെ പ്രളയമല്ലാതെ പിന്നെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രളയ നിയന്ത്രണ സംവിധാനം ഡാമുകളില്‍ ഉണ്ടായിട്ടും പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണു പ്രശ്നം രൂക്ഷമാക്കിയത് എന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഗുരുതരമാമെന്ന് അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ കളിയാക്കുകയാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒഖി ദുരന്തത്തിലും സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായിരുന്നു. അന്ന് സര്‍ക്കാര്‍ കൃത്യ സമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യപ്തി കുറക്കാമായിരുന്നു.

പിന്നീട് പ്രതിപക്ഷത്തിന്റെ ശക്തമായി പ്രതിഷേധങ്ങളുടെ ഫലമായിയാണ് ഇപ്പോര്‍ അലര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.