തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് വധഭീഷണി അടക്കമുള്ളവ കണക്കിലെടുത്ത് സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ നാലു കമാന്റോകളെ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്.
പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കാമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഡോ.കുന്ദന്‍ ചന്ദ്രാവത്ത് പറഞ്ഞിരുന്നു. പ്രസ്താവന പിന്നീട് പിന്‍വലിച്ചെങ്കിലും പിണറായിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. പിണറായിക്കു പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും സുരക്ഷ വര്‍ധിപ്പി്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.