ബെംഗളൂരു: ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കിടിലന്‍ മറുപടി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ വസതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം കുമാരസ്വാമിയെ ചലഞ്ച് ചെയ്തു.

എന്നാല്‍ അപ്രതീക്ഷിതമായിരുന്നു കുമാരസ്വാമിയുടെ മറുപടി. ‘എന്റെ ആരോഗ്യത്തിലുള്ള അങ്ങയുടെ ശ്രദ്ധയെ ഞാന്‍ ബഹുമാനിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. യോഗ എന്റെ ജീവിത ചര്യയുടെ ഭാഗമാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ എന്റെ സംസ്ഥാനത്തിന്റെ വികസനത്തിലും ആരോഗ്യത്തിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിന് താങ്കളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നു’-കുമാരസ്വാമി ട്വീറ്റ് ചെയ്തു.

കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ആണ് ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങിയത്. ‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പയിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് മോദിയെ ചലഞ്ച് ചെയ്തത്.