‘ഞാനും ഞാനുമെന്റാളും’ എന്ന പുതിയ പാട്ട് റിലീസ് ആയപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലേതാണ് പാട്ട്. പാട്ട് റിലീസ് ആയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്തു ലക്ഷം പേരാണ് യുട്യൂബിലൂടെ പാട്ട് ആസ്വദിച്ചത്. എന്നാല്‍ പാട്ടിന്റെ വരികളെഴുതിയത് ആരാണെന്ന് അജ്ഞാതമായിരുന്നു. അങ്ങനെയാണ് പാട്ടെഴുകത്തുകാരനെ എബ്രിഡ് ഷൈനും ഗായകന്‍ ഫൈസല്‍ റാസിയും തിരയുന്നത്. അന്വേഷണത്തിനൊടുവില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കന്‍തുരുത്ത് സ്വദേശികളായ ദയാല്‍സിങും ആശാന്‍ ബാബുവും ചേര്‍ന്നാണ് ഗാനം രചിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

ആശാന്‍ ബാബുവില്‍ നിന്നാണ് ദയാലിന് പാട്ടിന്റെ വരികള്‍ കിട്ടുന്നത്. അത് പിന്നീട് ചിട്ടപ്പെടുത്തുകയായിരുന്നു. മത്സ്യബന്ധന തൊഴിലാളിയാണ് ദയാല്‍. 62കാരനായ ആശാന്‍ ബാബു കോട്ടപ്പുറത്തുകാരനാണ്. മത്സ്യബന്ധന ബോട്ട് ഡ്രൈവറായിരുന്നു ബാബു. വള്ളവും വലയും വലിക്കുന്നതിനോടെപ്പമുള്ള ഗാനമാണ് ഇവര്‍ ചിട്ടപ്പെടുത്തി ഇന്നത്തെ പൂമരത്തിലെ പാട്ടാക്കി മാറ്റിയിരിക്കുന്നത്.

പാട്ട് ഹിറ്റായപ്പോഴും പാട്ടിന് ട്രോളുകളുടെ കുറവൊന്നും ഉണ്ടായിരുന്നില്ല. പാട്ടിന്റെ വരികള്‍ വച്ചായിരുന്നു മിക്ക ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കാളിദാസ് ജയറാം ട്രോളുകളോട് വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. മലയാളത്തില്‍ കാളിദാസ് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് പൂമരം.