ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ് അര മണിക്കൂര്‍ കൂടി സമയം നല്‍കി സുപ്രിം കോടതി. കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കാനായി കൂടിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഭൂഷണ് വീണ്ടും സമയം നല്‍കിയത്.

കേസ് പരിഗണിച്ച ഉടന്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ഭൂഷണ് നല്‍കാനുള്ള ശിക്ഷ എന്താണെന്ന് ജസ്റ്റിസ് മിശ്ര അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. മുന്നറിയിപ്പ് നല്‍കിയാല്‍ മതി, ഭാവില്‍ ആവര്‍ത്തിക്കരുത് എന്നും പറയണം എന്നായിരുന്നു എ.ജി കെ.കെ വേണുഗോപാലിന്റെ മറുപടി. തെറ്റു ചെയ്തിട്ടില്ല, അതു കൊണ്ടു തന്നെ മാപ്പു പറയില്ല എന്ന് പറയുന്ന ഒരാളോട് ഇതാവര്‍ത്തിക്കരുത് എന്ന് എങ്ങനെ പറയും എന്ന് കോടതി തിരിച്ചു ചോദിച്ചു.

അത് അദ്ദേഹത്തെ കുറിച്ചോ നമ്മെ കുറിച്ചോ മാത്രമല്ല, ഈ സ്ഥാപനത്തെ കുറിച്ച് മൊത്തത്തിലുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു എങ്കില്‍ മുന്നറിയിപ്പ് കൊണ്ട് എന്തു കാര്യമാണ് ഉള്ളത് എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

ഈ സ്ഥാപനത്തിനു ജഡ്ജിമാര്‍ക്കും എതിരെ നിരവധി അപകീര്‍ത്തി പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. രാമജന്മഭൂമി കേസില്‍ ഒരു ജഡ്ജ് മാത്രമാണ് വിരമിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ഇവിടെയുണ്ട്- അദ്ദേഹം പറഞ്ഞു.

നേരത്തെ, മാപ്പു പറഞ്ഞ് സ്വന്തം മനഃസാക്ഷിയെയും സുപ്രിം കോടതിയെയും അവഹേളിക്കാനില്ലെന്ന് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെയും താന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനമാണ് എന്നാണ് ഭൂഷണ്‍ വാദിക്കുന്നത്. കേസില്‍ ഇന്ന് ശിക്ഷാ വിധി പറയും.