ചെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കിയ പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 28 ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഇത് അപകടമല്ല, മനഃപൂര്‍വ്വമായ നടപടിയാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അപകടത്തിന് പിന്നാലെ പൈലറ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.
‘ബീഗിള്‍ ബി121 പപ്പ്’ വിഭാഗത്തില്‍പ്പെട്ട സ്വകാര്യ വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് ഡൈവ് ചെയ്ത് ഇറങ്ങിയത്. നോര്‍ത്ത് വീല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്ന് രാവിലെ 11.54ന് പറന്നുയര്‍ന്ന വിമാനം സൗത്തെന്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുമ്പ് വിമാനം പെട്ടെന്ന് ഉയരം കുറച്ച് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.
അപകടത്തെ തുടര്‍ന്ന് എസെക്‌സ് പൊലീസ്, എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നിവര്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കുറിപ്പുകള്‍, സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും സാങ്കേതിക തകരാറുകളുണ്ടായിരുന്നോയെന്നതും പൈലറ്റിന്റെ മാനസികാവസ്ഥയും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും എസെക്‌സ് പൊലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാന്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട വിമാനം മികച്ച രീതിയില്‍ പരിപാലിക്കപ്പെട്ടതാണെന്നും യാതൊരു വലിയ സാങ്കേതിക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട വിമാനവില്‍പ്പന കമ്പനികള്‍ അറിയിച്ചു. ഏകദേശം 55 ലക്ഷം രൂപ വിപണി വിലയുള്ളതും പറത്താന്‍ എളുപ്പമുള്ളതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യോമയാന മേഖലയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തടാകത്തിന് ചുറ്റുമുള്ള റിസര്‍വോയര്‍ പാര്‍ക്ക് അധികൃതര്‍ അടച്ചുപൂട്ടി. അപകടത്തില്‍ മരിച്ച പൈലറ്റിന് നിരവധി പേര്‍ അപകടസ്ഥലത്ത് ആദരാഞ്ജലികളും പൂക്കളും അര്‍പ്പിച്ചു.