കൊച്ചി: പുതുവൈപ്പ് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സമരസമിതിയുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. അതേസമയം, സമരത്തിനു പിന്നില്‍ തീവ്രവാദികളാണ് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21-നാണ് സര്‍ക്കാര്‍ ചര്‍ച്ച തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ മുന്‍വിധികളോടെയാണ് ചര്‍ച്ചക്ക് വിളിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ഐ.ജി പി വിജയന്‍ പറയുന്നു. ഇത്തരക്കാരുടെ സാന്നിധ്യം സമരപ്പന്തലിലും പുറത്തും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. അന്വേഷണം നടക്കുന്നുണ്ട്. പുതുവൈപ്പിലെ സംഘര്‍ഷത്തില്‍ കാര്യമറിയാതെയാണ് കുറ്റപ്പെടുത്തുന്നത്. ഹൈക്കോടതിയുടേയും ദേശീയ ഹരിത ട്രിബ്യൂണലിന്റേയും ഉത്തരവുകള്‍ ഐ.ഒ.സിക്ക് അനുകൂലമാണെന്നിരിക്കെ അതിനെ തടയാനെത്തുന്നവരെ പോലീസിന് നിയന്ത്രിക്കേണ്ടി വരും. തങ്ങള്‍ നിയമപരമായ ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും ഐ.ജി പി.വിജയന്‍ പറഞ്ഞു.