ചണ്ഡിഗഢ്: വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പഞ്ചാബ് ചണ്ഡിഗറിലെ ഫസീല്‍ക്കാ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ മൂത്രപ്പുരയില്‍ സാനിറ്ററി നാപ്കിന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്.

സംഭവം വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇടപെട്ടാണ് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാഡുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നു കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകര്‍ തന്നെ അവരെ ക്രൂരമായി അപമാനിച്ചത് ഏറെ ദൗര്‍ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫസീല്‍ക്കയിലെ കുന്ദല്‍ ഗ്രാമത്തിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ നടന്ന സംഭവം വിദ്യാര്‍ത്ഥിനികള്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ സംഭവത്തെ കുറിച്ച് കരഞ്ഞുകൊണ്ട് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരിശോധനയില്‍ പങ്കാളികളായ അധ്യാപകര്‍ക്കെതിരെ നടപടി ഉറപ്പുവരുത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ പങ്കുള്ള മറ്റു അധ്യാപകര്‍ക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുമെന്നും സംസ്ഥാന സര്‍ക്കാര്‍ വക്താവ് അറിയിച്ചു.