പട്‌ന: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
പഞ്ചാബിലെ മാജിതയില്‍ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക പ്രഖ്യാപനം. ശിരോമണി അകാലിദള്‍-ബിജെപി സഖ്യഭരണത്തില്‍ പഞ്ചാബ് നാശത്തിന്റെ വക്കിലാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് നടത്താനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധി വിവരിച്ചു. പുതിയ തൊഴില്‍-വ്യവസായ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം പഞ്ചാബിലെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ബാദല്‍ സര്‍ക്കാറിനെ പോലെയോ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ പോലെയോ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്ന് പറഞ്ഞ രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു അവതരിപ്പിച്ചു. അമരീന്ദര്‍ സിങിനു പുറമെ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.