ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം.

ബിജെപി ഇനി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടതായും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മോദി ആരോപിക്കുന്നത്. എന്നാല്‍, മോദി രാജ്യത്തെ പണക്കാരുടെ ചൗക്കിദാറായാണ് പ്രവര്‍ത്തിക്കുന്നത്. പാവങ്ങള്‍ക്കായല്ലെന്നും രാഹുല്‍ ആരോപിച്ചു.

കാർഷിക കടം എഴുതി തള്ളുമെന്ന പൊള്ളയായ വാഗ്ദാനം നൽകുകയും അഴിമതിയെ താലോലിക്കുകയും ചെയ്യുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനാ ശില്പി ബി. ആർ അംബേദ്കറുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി ദളിത് വിഭാഗത്തെ ചന്ദ്രശേഖരറാവു അപമാനിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ റെഡ്ഢി സ്റ്റേഡിയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ വെയായിരുന്നു രാഹുലിന്റെ വിമർശം.

കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ 70,000 കോടി വരുന്ന കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും. തെലങ്കാനയില്‍ കോണ്‍്ഗ്രസ് മികച്ച നേട്ടം കൈവരിക്കും. സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാ ആളുകളെയും ഒരു പോലെയാണ് കോണ്‍ഗ്രസ് കാണുന്നതും മാനിക്കുന്നതും. മോദി എവിടെ പോകുന്നുവോ അവിടെ വിഭജനവും വേര്‍തിരിവും ഉണ്ടാക്കിയെടുക്കുന്നു. നോട്ടുനിരോധവും ജിഎസ്ടിയും രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു കളഞ്ഞു. ചെറുകിട വ്യാപാരികള്‍ ഈ മേഖല തന്നെ വിട്ടു പോയി. പുതിയൊരു തെലങ്കാന സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കുകയാണ്. പുതിയൊരു സംസ്ഥാനം രൂപം നല്‍കിയതോടെ കെസിആറിന് മാത്രം ലാഭം ഉണ്ടായി. എല്ലാ ഗുണങ്ങളും കെസിആറിനാണ് ലഭിച്ചത്. കാലാശ്വരം പദ്ധതി നടപ്പാക്കിയപ്പോള്‍ കെസിആര്‍ അംബേദ്കറിനെ മറന്നതായും അദ്ദേഹം ആരോപിച്ചു.

പദ്ധതി പുനരുദ്ധരിച്ചതോടെ ഒരു ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. പാവപ്പെട്ടവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭൂമി ഏറ്റെടുക്കന്‍ നിയമം പൂര്‍ണമായും നടപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പറഞ്ഞു.